Tuesday, April 14, 2026

പ്രഭാത വാർത്തകൾ* 2026 ഏപ്രില്‍ 14 ചൊവ്വ 1201 മേടം 1 ചതയം 1447 ശവ്വാൽ 26



◾  വീണ്ടും യുദ്ധകാഹളം. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരേ അമേരിക്ക ഉപരോധം തുടങ്ങി. ഇറാനു ചുറ്റുമായി 15 യുദ്ധക്കപ്പലുകള്‍ വിന്യസിച്ച അമേരിക്ക, ഹോര്‍മൂസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടു. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ കടലില്‍ മുക്കുമെന്നും പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുമെന്നും ഇറാന്‍. ഗള്‍ഫ്, അറബിക്കടല്‍ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്നും ഇറാന്റെ ഭീഷണി. ആഗോള എണ്ണവില കുത്തനെ വര്‍ധിച്ചു.

◾  ട്രംപ് ഭരണകൂടത്തെ പേടിയില്ലെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. താന്‍ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തര്‍ക്കത്തിനില്ലെന്നും മാര്‍പാപ്പ പറഞ്ഞു. സമാധാനമാണു വേണ്ടതെന്നും യുദ്ധങ്ങള്‍ അവസാനിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. മാര്‍പാപ്പ രാഷ്ട്രീയക്കാരനാകേണ്ടെന്നും ലോകകാര്യങ്ങളില്‍ ഇടപെടാതെ സഭാകാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നുമുള്ള ട്രംപിന്റെ ഭീഷണിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾  കേരളത്തില്‍ 79.63 ശതമാനം പോളിംഗെന്നും കണക്ക് ഇനിയും മാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. പോളിംഗ് ശതമാന വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചതിനു പിറകേയാണ് ഈ വെളിപെടുത്തല്‍. സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള അന്തിമ കണക്ക് പിന്നീടു വരുമെന്നു രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടുയന്ത്രങ്ങളിലെ പോളിംഗ് 78.27 ശതമാനമാണ്. തപാല്‍ വോട്ടു കൂടിയപ്പോള്‍ പോളിംഗ് 79.63 ശതമാനമായി. 53,984 സര്‍വീസ് വോട്ടുകളില്‍ എത്ര പോള്‍ ചെയ്തെന്ന് വോട്ടെണ്ണുമ്പോഴേ അറിയൂ. ലഭ്യമായ കണക്ക് പാര്‍ട്ടികള്‍ക്കു നല്‍കിയെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍.


◾  കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിനെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ് ചാറ്റ് പുറത്ത്. 1000 രൂപ ഉടനേയും 18,218 രൂപ വ്യാഴാഴ്ചയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശവും അധ്യാപികയ്ക്കു വന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്. അധ്യാപികയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെ ചികില്‍സയ്ക്കാണ് വായ്പയെടുത്തതെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ വ്യക്തമാക്കി.

◾  ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ ആണു നടപടിയെടുത്തത്.

◾  2018 ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് ആരോപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

◾  കോഴിക്കോട് റെയിവേ സ്റ്റേഷനില്‍ കുഴല്‍പ്പണം പിടികൂടി. നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് 40 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തു. മാധവ് സദാശിവ് സാജന്‍, സഞ്ജിത് ജയ് സിംഗ് ചവാന്‍ എന്നിവരാണ് പിടിയിലായത്.

◾  സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോണ്‍ ജോര്‍ജ്.  തെറ്റിദ്ധാരണകള്‍ ഇല്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഷോണ്‍ ജോര്‍ജ് പറഞ്ഞു.

◾  തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ സംസ്ഥാനങ്ങളിലും മഴ കുറയുമെന്ന്  വിലയിരുത്തല്‍. എല്‍-നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കും. അതേസമയം വേനല്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്.  

◾  മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്കു 'സ്വര്‍ണ്ണക്കള്ളന്‍' എന്ന അടിക്കുറിപ്പ് നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് 19കാരനെതിരെ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനു കേസ്. അനുനന്ദ് പ്രിയദര്‍ശിനി ഓലായിക്കര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റിട്ടത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കണ്ണൂര്‍ സൈബര്‍ പൊലീസെടുത്ത കേസിന്റെ എഫ്ഐആറില്‍ പറയുന്നു.

◾  സെക്രട്ടറിയേറ്റിലെ കന്‍ോണ്‍മെന്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. മരം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ജീവനക്കാരും സന്ദര്‍ശകരും ഓടിമാറി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയിലാണ് മരം ഒടിഞ്ഞു വീണത്.

◾  മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരേ കളമശ്ശേരി പോലീസില്‍ പരാതി. ഷാഫി പറമ്പില്‍ എംപിക്കെതിരെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് കളമശേരി നഗരസഭ കൗണ്‍സിലര്‍ റിയാസ് വട്ടേക്കുന്നം പരാതി നല്‍കിയത്.

◾  മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്ക് മുതല്‍ ശാസ്തവട്ടം തോപ്പുമുക്ക് വരെ തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

◾  മലയാളി വിദ്യാര്‍ത്ഥി കൊല്‍ക്കത്തയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. കൊച്ചി പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ജുവല്‍ ജോസ്.

◾  ഹരിപ്പാട് കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ഡി കോളജില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളിക്ക് പരിക്ക്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകര്‍ന്നു വീണത്.

◾  മദ്യനയ അഴിമതിക്കേസിലെ സി ബി ഐ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്വര്‍ണ്ണ കാന്ത ശര്‍മ്മയില്‍നിന്ന് നീതി ലഭിക്കില്ലെന്നും ജഡ്ജിയെ മാറ്റണമെന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആര്‍ എസ് എസ് ബന്ധമുള്ള നാലു പരിപാടികളില്‍ ജസ്റ്റിസ് ശര്‍മ്മ പങ്കെടുത്തിട്ടുണ്ട്. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട്, ഇതേ ജഡ്ജിക്കു മുന്നില്‍ നേരിട്ട് ഹാജരായാണ് കെജ്രിവാള്‍ വാദിച്ചത്.

◾  തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാക്ടറികള്‍ക്കു നിര്‍ദേശം നല്‍കി. ശമ്പള വര്‍ധനയും എട്ടു മണിക്കൂര്‍ ജോലി സമയവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നോയിഡയില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരുന്നു.

◾  കേരളം ഉള്‍പെടെ മൂന്നു സംസ്ഥാനങ്ങളായി 21 കൊലക്കേസുകളിലെ പ്രതി കര്‍ണാടക സ്വദേശി അബ്ദുള്‍ അസീസ് എന്ന പി. വിശ്വനാഥന്‍ പിടിയില്‍. സഹായി രാജമ്മയോടൊപ്പം തിരുപ്പതിയില്‍നിന്ന് ആന്ധ്ര പോലീസാണു പിടികൂടിയത്. കേരളം, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരേ 21 കൊലക്കേസുകളുണ്ട്.

◾  തമിഴ്നാട് സേലത്ത് അധ്യാപികയെ സ്‌കൂളില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ചാണ് സംഭവം.

◾  പാക് ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മമത ബാനര്‍ജിയും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബര്‍ദ്വാനില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂരിലൂടെ തിരിച്ചടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

◾  ഹോര്‍മുസ് കടലിടുക്ക് തുറന്ന് കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ബ്രിട്ടനൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതത്തിന് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെയാണ് ഫ്രാന്‍സിന്റെ ശക്തമായ നിലപട്.

◾  ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ സ്വകാര്യ സ്വത്തല്ലെന്ന് യുഎഇ. ഹോര്‍മൂസിനെ സ്വതന്ത്രമാക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ബഹറിന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.  

◾  ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ യുറേനിയം വാങ്ങാമെന്നു റഷ്യ. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും റഷ്യ.

◾  ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാല്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

◾  ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്കു സംരക്ഷണം നല്‍കുമെന്ന് ഇറാന്‍. കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പൂര്‍ണമായി തടയുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു പിറകേയാണ് ഇറാന്റെ ഈ പ്രതികരണം.

◾  സ്വയം യേശുവായി ചിത്രീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു പങ്കുവച്ചു. മാര്‍പാപ്പയെ വിമര്‍ശിച്ച ട്രംപ്, രോഗശാന്തി നല്‍കുന്ന യേശുവായി ചിത്രീകരിച്ച എഐ ചിത്രമാണ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചത്.

◾  നൈജീരിയയിലെ മാര്‍ക്കറ്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഭീകരരാണു കൊല്ലപ്പെട്ടതെന്നാണു സൈന്യം പറയുന്നത്.

◾  ഇറാന്‍-യുഎസ് മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിറകേ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമുള്ള സന്ദര്‍ശനത്തില്‍ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും സാമ്പത്തിക, പ്രതിരോധ സഹകരണവും ചര്‍ച്ചയാകും.

◾  കുവൈറ്റില്‍ തൊഴിലുടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാനൂറിലധികം തൊഴിലാളികള്‍ സംഘടിച്ചു. സംഭവത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തൊഴിലുടമയ്ക്കും കമ്പനി അധികൃതര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

◾  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 57 റണ്‍സിനാണു തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. 44 പന്തില്‍ 91 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്കു നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ബൗളര്‍മാരായ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ഇരുവരും അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.

◾  പ്രതികൂല കാലാവസ്ഥയിലും പിച്ചും ഔട്ട്ഫീല്‍ഡും മികച്ച രീതിയില്‍ സംരക്ഷിച്ച ഗോഹട്ടി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും ക്യൂറേറ്റര്‍മാര്‍ക്കും 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അസം ക്രിക്കറ്റ് അസോസിയേഷന്‍.

◾  ചില്ലറ വില്‍പ്പന സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍. മാര്‍ച്ചില്‍ പണപ്പെരുപ്പനിരക്ക് 3.40 ശതമാനമായാണ് ഉയര്‍ന്നത്. 0.25 ശതമാനം എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയ ശേഷം നവംബര്‍ മുതലാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ തുടങ്ങിയത്. നവംബറില്‍ പണപ്പെരുപ്പനിരക്ക് 0.71 ശതമാനമായാണ് ഉയര്‍ന്നത്. വര്‍ഷാവസാനത്തോടെ ഒരു ശതമാനം കടക്കുകയും ചെയ്തു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 3.71 ശതമാനമായാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലെ വിലക്കയറ്റം (3.63%) നഗര മേഖലയേക്കാള്‍ (3.11%) കൂടുതലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വര്‍ധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആര്‍ബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ തെലങ്കാനയിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം രേഖപ്പെടുത്തിയത് (5.94%). ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

◾  വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ പുതിയ ചാറ്റ് തീം ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റില്‍ 49 കളര്‍ ഓപ്ഷനുകള്‍ വരെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത തീമുകള്‍, വാള്‍പേപ്പറുകള്‍, സ്‌റ്റൈല്‍സ് എന്നിവ ഉപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് ചാറ്റുകള്‍ ഇഷ്ടാനുസൃതം മാറ്റാന്‍ അനുവദിക്കും. ഫീച്ചര്‍ എത്തുന്നതോടെ ചാറ്റുകള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കും, ഇത് വാട്‌സ്ആപ്പ് വെബില്‍ മൊബൈലില്‍ കാണുന്ന വിധം തീമുകള്‍ നല്‍കാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് വാള്‍പേപ്പറുകള്‍ മാറ്റാനും ലളിതമായ ഡൂഡില്‍ ഓവര്‍ലേകള്‍ ചേര്‍ക്കാനും മാത്രമേ കഴിയൂ. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ചാറ്റ് ബബിളുകളുടെ രൂപം മാറ്റുകയും പശ്ചാത്തലം മാറ്റുന്നതിന് ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ഡിഫോള്‍ട്ട് തീം ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

◾  നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഏലിയന്‍ കോമഡി ചിത്രം 'പ്ലൂട്ടോ'യുടെ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ മറ്റൊരാളുടെ പുറത്തിരിക്കുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നല്‍കുന്നത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയന്‍ കഥാപാത്രമായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. അര്‍ഷ ബൈജു, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ സുബിന്‍ ടാര്‍സന്‍, നിഹാല്‍, സഹീര്‍ മുഹമ്മദ്, തുഷാര പിള്ള, സച്ചിന്‍ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾  സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, രത്നാകരന്‍, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍കെ മോഹനന്‍, പ്രമോദ് പൂന്താനം, അശ്വിന്‍ ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീതപദ്മിനി, ബിനിജോണ്‍, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദന്‍, കാര്‍ത്തിക അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്‍. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു

◾  ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഗ്രാന്‍ഡ് ഐ10 നിയോസ് വൈബ്ഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വാഹനത്തിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് 7.09 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് വാങ്ങാം. ഇതില്‍ ടൈറ്റന്‍ ഗ്രേ എന്ന പുതിയ മാറ്റ് പെയിന്റ് ഓപ്ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗുകളും ഹൈലൈന്‍ ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പെട്രോള്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ആദ്യത്തേതാണെന്ന് അവകാശപ്പെടുന്ന ഡാഷ്‌കാമാണ് ശ്രദ്ധേയമായ സവിശേഷത. ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് 5.55 ലക്ഷം രൂപ മുതല്‍ 7.91 ലക്ഷം രൂപ വരെ വരെ നീളുന്നു. 83 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇത് വരുന്നത്, 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സില്‍ ലഭ്യമാണ്. പവര്‍ ഔട്ട്പുട്ട് 68 എച്ച്പിയായി കുറയ്ക്കുന്ന ഒരു സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷനും ഇതിന് ലഭിക്കുന്നു.

◾  ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൗവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവല്‍ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസന്‍ എന്ന കവിയുടെ തിരോധാനത്തെത്തുടര്‍ന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിന്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചാടിവീണ് വെന്തെരിഞ്ഞ് തീരാന്‍ വിധിക്കപ്പെട്ടവരും അന്ധകാരനഴിയില്‍ ഉണ്ട്. 'അന്ധകാരനഴി'. ഇ. സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 449 രൂപ.

◾  പ്രമേഹ രോഗികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് മുതിര. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സൂക്ഷിക്കാനും കാര്‍ബോഹൈഡ്രേറ്റ് ദഹനം മന്ദഗതിയിലാക്കാനും പ്രോട്ടീന്‍-ടൈറോസിന്‍ ഫോസ്ഫേറ്റസ് 1 ബി എന്ന എന്‍സൈമിനെ തടയുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും മുതിരയ്ക്ക് കഴിവുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളായ പോളിഫെനോള്‍, ഫ്ലെവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുതിര. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മൂത്രത്തിന്റെ അളവു വര്‍ധിപ്പിക്കാനുള്ള കഴിവു മുതിരയ്ക്കുണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മാത്രമല്ല, മുതിര പതിവാക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. കുടവയറു കുറയ്ക്കാനും ആര്‍ത്തവ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും മുതിര സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വയറിന് ദീര്‍ഘനേരം സംതൃപ്തി കിട്ടാനും മുതിര സഹായിക്കും. ജലദോഷമുള്ളപ്പോള്‍ മുതിര സൂപ്പ് കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇതൊരു ശീലമാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
സിംഹം തന്റെ അന്ത്യനാളുകളില്‍ കുഞ്ഞിനോട് പറഞ്ഞു:  നീ ഈ കാട്ടിലെ രാജാവാണ്.  ഒന്നിനേയും പേടിക്കേണ്ടതില്ല.  എന്നാല്‍ മനുഷ്യനെ സൂക്ഷിക്കണം.  മൃഗങ്ങളെല്ലാം ശക്തികൊണ്ടാണ് പോരാടുന്നത്. എന്നാല്‍ മനുഷ്യന്‍ ബുദ്ധികൊണ്ടും.  കുഞ്ഞുസിംഹം വളര്‍ന്നു രാജാവായി.  അവന്‍ മനുഷ്യനെ തേടിയിറങ്ങി.  വഴിയില്‍ കണ്ട കഴുതയോട് സിംഹം ചോദിച്ചു: നീ മനുഷ്യനാണോ?  അതു പറഞ്ഞു:  ഞാന്‍ കഴുതയാണ്.  കുരങ്ങിനോട് ചോദിച്ചപ്പോള്‍ കുരങ്ങ് പറഞ്ഞു: മനുഷ്യന്റെ മുന്നില്‍ നമ്മള്‍ ഒന്നുമല്ല.   അല്പം നടന്നപ്പോള്‍ ഒരു മരംവെട്ടുകാരന്‍ തളര്‍ന്നുറങ്ങുന്നത് കണ്ടു.  സിഹം അയാളുടെ അടുത്ത് ചെന്ന് പുച്ഛത്തോടെ ചോദിച്ചു:  നീയാണോ മനുഷ്യന്‍?  ഇത്രയും ദുര്‍ബലനായ നിന്നെ എന്തിന് പേടിക്കണം.  അയാള്‍പറഞ്ഞു:  ഇത് ശക്തിയുടെ കാര്യമല്ല. ബുദ്ധിയുടെ കാര്യമാണ്.  നമുക്ക് മറ്റാരെയെങ്കിലും വിളിച്ച് തീരുമാനിക്കാം.  പക്ഷേ, സിംഹം ഓടിപ്പോകാതിരിക്കാന്‍ കെട്ടിയിടണമെന്ന് അയാള്‍ പറഞ്ഞു.  സിംഹം സമ്മതിച്ചു.  അയാള്‍ അതിനെ മരത്തില്‍ ബന്ധിച്ചശേഷം പൊതിരെ തല്ലി.  തല്ല് കിട്ടി അവശനായപ്പോള്‍ സിംഹത്തിന് ഒരു കാര്യം മനസ്സിലായി ബുദ്ധിയാണ് വേണ്ടത്..  എല്ലാവരേയും കീഴ്പ്പെടുത്തുന്നവനല്ല, ഉള്‍പ്പെടുത്തുന്നവനാണ് രാജാവ്.  തന്നേക്കാള്‍ മികച്ചവരായി ആരും ഉണ്ടാകാന്‍ പാടില്ലെന്നും അങ്ങനെയുളളവരെല്ലാം എതിര്‍ത്തുതോല്‍പ്പിക്കണമെന്നതും നേതൃബോധമല്ല.  അഹംബോധമാണ്.  എല്ലാം തനിച്ചു ചെയ്യണമെന്ന് നിര്‍ബന്ധമില്ല.  കഴിവുളളവരെ ഇടിച്ചുതാഴ്ത്തില്ല, മറ്റുളളവരുടെ മികവിന് എല്ലാവരുടേയും മുമ്പില്‍ അംഗീകരിക്കാന്‍ അവര്‍ക്കാകും. ഇവര്‍ ഒരിക്കലും സഹപ്രവര്‍ത്തരുടെ നേട്ടങ്ങള്‍ മോഷ്ടിച്ച് തന്റേതാക്കില്ല. എല്ലാവരേയും കീഴ്പെടുത്താതെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം - ശുഭദിനം.

Post a Comment

Whatsapp Button works on Mobile Device only