Wednesday, February 25, 2026

സി.പി.ഐ നേതാക്കളുടെ നേതൃത്വത്തിൽ ഭൂമി തട്ടിപ്പ്; പരാതിയുമായി അട്ടപ്പാടിയിലെ ആദിവാസികൾ എം.എൻ. സ്മാരകത്തിൽ



തിരുവനന്തപുരം: അട്ടപ്പാടിയിൽ നിന്ന് 42 ആദിവാസികൾ സി.പി.ഐയുടെ ആസ്ഥാനമായ തിരുവനന്തപുരത്തെ എം.എൻ സ്മാരകത്തിൽ എത്തി. സി.പി.ഐ നേതാക്കളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ വ്യാപകമായി വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുത്തു എന്ന പരാതി ബിനോയ് വിശ്വത്തെ അറിയിക്കാനാണ് അവർ എം.എൻ സ്മാരകത്തിൽ എത്തിയത്.

സി.പി.ഐ നേതാവ് അഞ്ചേക്കർ മുതൽ 50 ഏക്കർ വരെ ഭൂമി വിൽപ്പനക്ക് എന്ന ഫ്ലക്സ് ബോർഡ് അട്ടപ്പാടിയിൽ വെച്ചിരുന്നു. ഇതിലൊന്നും സർക്കാർ നടപടി എടുത്തിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷം അട്ടപ്പാടിയിൽ നടന്നത് നൂറുകണക്കിന് ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കൽ ആണ്. റവന്യൂ വകുപ്പ് നിയന്ത്രിക്കുന്നത് സി.പി.ഐ ആണ്.

അട്ടപ്പാടിയിലെ സി.പി.ഐ നേതാക്കൾക്ക് ഭൂമാഫിയ ബന്ധമുണ്ടെന്നാണ് ആദിവാസികളുടെ ആരോപണം. മന്ത്രിയായിരിക്കെ ഇ. ചന്ദ്രശേഖരനും കെ.ഇ. ഇസ്മയിലും 1935 പട്ടയങ്ങൾ ആദിവാസികൾക്ക് വിതരണം ചെയ്തിരുന്നു. പട്ടയ കടലാസ് മാത്രമാണ് ആദിവാസികളുടെ കയ്യിലുള്ളത്. ഭൂമി ഇപ്പോൾ മാഫിയയുടെ കയ്യിലാണ്.

ഇത് ബിനോയ് വിശ്വത്തെ അറിയിക്കാൻ കൂടിയാണ് ആദിവാസികൾ എം. എൻ. സ്മാരകത്തിൽ എത്തിയത്. റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിനോയ് വിശ്വം ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തെ കണ്ട് പരാതി നൽകിയ ശേഷമായിരിക്കും ആദിവാസികൾ മടങ്ങിപ്പോകുക.

Post a Comment

Whatsapp Button works on Mobile Device only