Tuesday, April 28, 2026

പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം*



കൊച്ചി: പോസ്റ്റൽ ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇരുപതിനായിരം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും ജില്ലാ കലക്ടറേറ്റുകളിൽ വോട്ട് ചെയ്യാനുള്ള അവസരം നൽകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇരുപതിനായിരം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവഗുരുതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരത്തിനൊത്ത് ഉയരണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയെന്നത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

അതേസമയം, മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എക്സിറ്റ് പോൾ അടക്കം വരാൻ പോകുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീണ്ടും അവസരം നൽകാനാകില്ലെന്ന് ആവർത്തിക്കുകയാണ് കമ്മീഷൻ. വോട്ടവകാശമെന്നത് ജനാധിപത്യപരമായ അവകാശമാണെന്നും കമ്മീഷന് വേണ്ടി ജോലി ചെയ്തവർക്ക് അത് നിഷേധിച്ചത് അപലപനീയമാണെന്നും ആക്ഷൻ കൗൺസിൽ സെക്രട്ടറി എസ്.ഇർഷാദ് പ്രതികരിച്ചു.

Post a Comment

Whatsapp Button works on Mobile Device only