നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് കരുത്ത് വിളിച്ചറിയിച്ച് കോഴിക്കോട് കടപ്പുറത്ത് വന്‍ ജനപങ്കാളിത്തത്തോടെ മഹാറാലി.
എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു. രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി റാലിയെ അഭിസംബോധന ചെയ്‌തു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് കോഴിക്കോട്ടെ യുഡിഎഫ് മഹാറാലി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ പങ്കെടുത്ത റാലിയില്‍ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോഴിക്കോട് കടപ്പുറം വന്‍ ജനസാഗരത്തിനാണ് സാക്ഷിയായത്.
മഹാറാലിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കെ സുധാകരൻ എംപി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, എംകെ രാഘവൻ എംപി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
മഹാറാലിയിലെത്തിയ മല്ലികാര്‍ജുൻ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസിന്‍റെ അഞ്ച് ഗ്യാരണ്ടികള്‍ പരസ്യപ്പെടുത്തിയുള്ള ബസിന്‍റെ ഫ്ലാഗ് ഓഫും ഖര്‍ഗെ നിര്‍വഹിച്ചു. ആര്‍ജെഡി നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ കിഷൻ ചന്ദും പരിപാടിയില്‍ പങ്കെടുത്തു.
പിണറായിയുടെ യഥാർഥ മുഖം പുറത്തുവന്നത് പരാജയ ഭീതിയിലാണെന്ന് റാലിയില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു. പരാജയം ആദ്യം തിരിച്ചറിഞ്ഞത് പിണറായി ആണെന്നും, അതുകൊണ്ടാണ് പിണറായിയുടെ യഥാർഥ മുഖം പുറത്തുവന്നതെന്നും, പിആര്‍ വര്‍ക്ക് കൊണ്ടൊന്നും കാര്യമില്ലെന്നും, പോകുന്ന പോക്കില്‍ കടുംവെട്ട് നടത്തുന്നുവെന്നും 200 ബാറുകള്‍ക്ക് ക്ലാസിഫിക്കേഷനില്ലാതെ അനുമതി നല്‍കിയെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

Post a Comment