Thursday, March 26, 2026

ബഹ്‌റൈനിൽ കർശന ജാഗ്രതാ നിർദേശം



മനാമ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ സുരക്ഷാ ഭീഷണി രൂക്ഷമാകുന്നു. തലസ്ഥാനമായ മനാമയിലടക്കം പലതവണ അപായ സൈറണുകൾ മുഴങ്ങിയതോടെ രാജ്യത്ത് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് മനാമയിലെ അമേരിക്കൻ എംബസി തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഉദ്യോഗസ്ഥർക്കും അമേരിക്കൻ പൗരന്മാർക്കും എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇറാൻ്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഭരണകൂടം സുരക്ഷാ നടപടികൾ കർശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ രാജ്യവ്യാപകമായി നടപടികൾ പുരോഗമിക്കുകയാണ്.

ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പൊതുയിടങ്ങളിലെ പ്രതിഷേധങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് യു.എസ് അധികൃതർ നിർദേശം നൽകി. എംബസി സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്‌റാഈല്‍ - ഇറാൻ സംഘർഷം വ്യാപിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ മേഖലയിൽ വലിയ രീതിയിൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ മാറിയിരിക്കുകയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാപ്പകൽ ഭേദമന്യേ ജാഗ്രതയിലാണ്.

Post a Comment

Whatsapp Button works on Mobile Device only