Thursday, March 5, 2026

മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പി. കെ ശശി



പാലക്കാട്: വിമത കണ്‍വെൻഷനില്‍ സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുൻ എംഎല്‍എ പി. കെ ശശി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് ശശി ഉന്നയിച്ചത്

മദ്യപാന സദസ്സില്‍ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി നില്‍ക്കുന്നുവെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് പി.കെ. ശശി നടത്തിയത്.

സിപിഎം ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷിനെ സ്പിരിറ്റ് കച്ചവടക്കാരൻ എന്നാണ് ശശി വിളിച്ചത്. ഒരുപാട് മഹാന്മാർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായത് ചോദ്യം ചെയ്തതിന് തന്നെ വേട്ടയാടി. രണ്ടാള്‍ ഒരുമിച്ച്‌ സംസാരിക്കുന്നത് കണ്ടാല്‍ അവരെ മൂന്നാം ദിവസം ശത്രുക്കളാക്കി തമ്മില്‍ തല്ലിക്കുന്ന സ്വഭാവക്കാരനാണ് അയാള്‍. ജില്ലാ സെക്രട്ടറിയോടുള്ള എതിർപ്പ് കാരണം പലരും പാർട്ടി വിരോധികളായി മാറി.

സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേർക്ക് യേശുദേവൻ വീതിച്ചു. അഞ്ച് കൊല്ലം കൊണ്ട് അനേകായിരം പേരെ ജില്ലാ സെക്രട്ടറി പാർട്ടി വിരോധികളാക്കി. അവർ എല്ലാവരെയും വിളിച്ച്‌ ചേർത്താല്‍ കോട്ട മൈതാനം നിറഞ്ഞ് കവിയും. കണ്‍വെൻഷൻ വിളിച്ചു ചേർത്തു എന്ന് അറിഞ്ഞപ്പോള്‍ ജില്ല സെക്രട്ടറി പാർട്ടി പ്രവർത്തകരുടെ വീടുകള്‍ കേറി ഇറങ്ങുകയാണ്. കാട്ടുപോത്തിന്റെ കൊമ്പും കാണ്ടാമൃഗത്തിന്റെ തൊലിയുമാണയാള്‍ക്ക്.

അക്ഷര അഭ്യാസം ഇല്ലാത്ത ആളാണ് സുരേഷ് ബാബു. പത്രം പോലും വായിക്കില്ല. അക്ഷരം അലർജിയാണ്. പാലസ്തീൻ യൂറോപ്പിലാണ് എന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ നിന്ന് പ്രസംഗിക്കുന്നു. താനാണ് സുരേഷ് ബാബുവിനെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്. അങ്ങനെ ഒരു തെറ്റാണ് താൻ ചെയ്തത്. പാർട്ടിക്ക് ഇത്ര വലിയ ദുരന്തമാകുമെന്ന് അറിഞ്ഞില്ലെന്നും ശശി പറഞ്ഞു. ഏഴ് ജില്ലാ കമ്മറ്റി അംഗങ്ങള്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശശി അവകാശപ്പെട്ടു.

കണ്‍വെൻഷനില്‍ മണ്ണാർക്കാട്, ചിറ്റൂർ , വടക്കഞ്ചേരി മേഖലകളില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തിയത്. പാലക്കാട് ജില്ല മാർക്സിസ്റ്റ് കൂട്ടായ്മ എന്ന പേരിലാണ് കണ്‍വെൻഷൻ നടക്കുന്നത്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവും എന്ന വാർത്തകള്‍ക്കിടെയാണ് പി. കെ ശശി പരിപാടിയില്‍ പങ്കെടുക്കുന്നത്

Post a Comment

Whatsapp Button works on Mobile Device only