59 വർഷത്തിനുശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. കേരളത്തിലെ പാർട്ടി കോട്ടയായ കണ്ണൂരിലെ തകർച്ചയാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. കണ്ണൂരിലെ സിപിഎം കോട്ടകൾ കൈവിടുന്ന കാഴ്ചയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. ഭരണവിരുദ്ധ വികാരം അടക്കമുള്ള ഘടകങ്ങൾ മറ്റു മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായെങ്കിൽ ജില്ലയിലെ കനത്ത തോൽവിക്ക് കാരണമാകുന്നത് പാർട്ടിയിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളാണെന്നതാണ് യാഥാർഥ്യം.
തളിപ്പറമ്പിലും പയ്യന്നൂരിലും അപ്രതീക്ഷിത തിരിച്ചടിയാണ് സിപിഎമ്മിന് ലഭിച്ചത്. സർക്കാർ മാറി നിൽക്കട്ടെയെന്ന് പാർട്ടി വിശ്വാസികൾ തന്നെ തീരുമാനിച്ചതോടെ ധർമ്മടത്ത് പിണറായി വിജയൻ തന്നെ വിറക്കേണ്ടി വന്ന സ്ഥിതിയാണുള്ളത്. നേതാക്കൾ തമ്മിലെ ഭിന്നത, അതുവഴിയുണ്ടായ ആരോപണങ്ങൾ, അണികൾക്കിടയിൽ വ്യാപകമായ അവിശ്വാസം എന്നിവയെല്ലാം കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടിയായി മാറുകയായിരുന്നു.
നേതാക്കൾ തമ്മിൽ അകൽച്ച
പ്രഥമദൃഷ്ട്യാ ഒരുമിച്ചാണെങ്കിലും കണ്ണൂരിലെ പല പാർട്ടി നേതാക്കളും അകൽച്ചയിലാണെന്നുവേണം കരുതാൻ. അതിന് ഉദാഹരണമാണ് തളിപ്പറമ്പിലെ ടികെ ഗോവിന്ദൻ മാസ്റ്ററുടെ വാർത്താ സമ്മേളനം. പി ജയരാജനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പുറത്തു പോകണ്ടെന്നോ അകത്ത് നിൽക്കണമെന്നോ പറഞ്ഞില്ലെന്നാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അണികളെയും നേതൃത്വത്തെയും കൂട്ടിയിണക്കുന്ന കോടിയേരിയെന്ന നേതാവിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് അണികളിൽ പലരുടേയും അഭിപ്രായം

Post a Comment