Thursday, May 14, 2026

പുതുകേരളം സൃഷ്ടിക്കും, കോണ്‍ഗ്രസ് ബാലന്‍സ് ഓഫ് ലിബര്‍ട്ടിയുള്ള പാര്‍ട്ടി: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ



പാർട്ടി ഏൽപ്പിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും എല്ലാവരോടും നന്ദി പറയുകയാണെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് പ്രവർത്തകരും യുഡിഎഫ് നേതാക്കളുമാണെന്നും വി ഡി സതീശൻ പറഞ്ഞു. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടാണ് സതീശൻ ഇക്കാര്യം പറഞ്ഞത്.
പുതുയുഗത്തിന് തുടക്കമിടാൻ കഠിനാധ്വാനം ചെയ്യും. പൊതുപ്രവർത്തനത്തിന്റെ നിർവചനം മാറ്റിയെഴുതും. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏകോപിപ്പിച്ചത് കെ സി വേണുഗോപാൽ ആണ്. എല്ലാ കാര്യങ്ങൾക്കും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്തുണ നൽകിയെന്നും തൻറെ നേതാവാണ് കെ സി വേണുഗോപാൽ എന്നും സതീശൻ പറഞ്ഞു. സങ്കീർണമായ അവസ്ഥയിലൂടെ കേരളം കടന്നുപോകുന്നു. ആ വെല്ലുവിളികളെ നേരിടാൻ കേരളം ഒരുമിച്ച് നിൽക്കണം. പുതിയ കേരളം സൃഷ്ടിക്കും. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Whatsapp Button works on Mobile Device only