കോഴിക്കോട് ജെ.ഡി.ടി ക്യാമ്പസിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് തൊട്ടടുത്തുള്ള മുറി, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പോലീസ് തുറന്ന നടപടി അത്യന്തം ഗൗരവകരമാണ്. കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് സൗത്ത്, നോർത്ത്, പേരാമ്പ്ര, എലത്തൂർ, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെ ജനവിധി വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലാണിത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ചട്ടങ്ങൾ നിലനിൽക്കെ, ഇത്തരമൊരു നീക്കം നടന്നത് ബോധപൂർവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സായുധ സേനയുടെയും പോലീസിന്റെയും കാവലിന് പുറമേ, മണിക്കൂറും സ്ട്രോങ്ങ് റൂം കേന്ദ്രം നിരീക്ഷിക്കാൻ യു.ഡി.എഫ് സജ്ജമാക്കിയ വൈറ്റ് ഗാർഡ് വൊളന്റിയർമാരുടെ കൃത്യമായ ഇടപെടൽ മൂലമാണ് ഈ സുരക്ഷാ ലംഘനം പുറംലോകം അറിഞ്ഞത്. ജനാധിപത്യത്തെ അട്ടിമറിക്കാനും ക്രമക്കേടുകൾ നടത്തി വീണ്ടും അധികാരം പിടിക്കാനുമുള്ള ഗൂഢനീക്കമാണോ ഇതിന് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് എം.പി ശ്രീ എം.കെ. രാഘവൻ, ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ, കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബു, പേരാമ്പ്ര സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ, ബാലുശ്ശേരി സ്ഥാനാർത്ഥി സൂരജ്, കെ. പി. സി. സി ജനറൽ സെക്രട്ടറി പി എം നിയാസ്, നോർത്ത് ഇലക്ഷൻ ഏജന്റ് ജെയ്‌സൺ, കുന്ദമംഗലം ഇലക്ഷൻ ഏജന്റ് ഹംസ മാസ്റ്റർ ചാത്തമംഗലം എന്നിവരോടൊപ്പം സ്ഥലം സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ഈ ഗുരുതരമായ സുരക്ഷാ വീഴ്ചക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് ജില്ലയിലെ പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കർശന നടപടി സ്വീകരിക്കണം. ജനവിധി അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും ഞങ്ങൾ അനുവദിക്കില്ല. ജനാധിപത്യത്തിന്റെ കാവലാളുകളായി യു.ഡി.എഫ് പ്രവർത്തകർ ഉറച്ചുനിൽക്കും!
എം.എ. റസാഖ് മാസ്റ്റർ അറിയിച്ചു.

Post a Comment