Saturday, April 25, 2026

വേനലിലെ പാമ്പ് ശല്യം: ജാഗ്രത പാലിക്കണം



കടുത്ത വേനല്‍ച്ചൂടില്‍ തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലും ജനവാസ മേഖലകളിലും എത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*മുന്‍കരുതല്‍ വേണം*

*വീടിനോട് ചേര്‍ന്നുള്ള പുല്‍ക്കാടുകള്‍, കരിയിലക്കൂട്ടങ്ങള്‍, വിറക് കൂട്ടിയിട്ട ഇടങ്ങള്‍ എന്നിവ കൃത്യമായി വൃത്തിയാക്കുക. 

*വീടിന്റെ വാതിലുകള്‍ക്കും ജനലുകള്‍ക്കും താഴെയുള്ള വിടവുകള്‍ അടക്കുക. ചൂട് കാരണം ജനലുകള്‍ തുറന്നിടുമ്പോള്‍ നെറ്റുകള്‍/വലകള്‍ ഉപയോഗിക്കുന്നത് പാമ്പുകള്‍ ഉള്ളില്‍ കടക്കുന്നത് തടയാന്‍ സഹായിക്കും. 

*ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇടരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കാനും എലികളെ തേടി പാമ്പുകള്‍ വീടിനുള്ളില്‍ എത്താനും കാരണമാകും. 

*രാത്രി പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് കരുതുക. 

*ചെരുപ്പുകള്‍ വീടിന്പുറത്ത് അഴിച്ചു വെക്കുന്നവര്‍ അവ ധരിക്കുന്നതിന് മുമ്പ് നന്നായി കുടയുക. 

*വേനലില്‍ തറയില്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിലിലോ കൊതുകുവലക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.

*വീടിന്റെ വരാന്തയിലും ഉമ്മറത്തും വെക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉണ്ടാകുമ്പോള്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം.

*പാമ്പ്കടിയേറ്റാല്‍ ചെയ്യേണ്ടത്*

പാമ്പ് കടിയേറ്റവര്‍ പരിഭ്രമിക്കാതെ വീണ്ടും കടിയേല്‍ക്കാതിരിക്കാന്‍ മാറിനില്‍ക്കണം. ഓടിപ്പോയി സഹായം തേടുന്നതിന് പകരം മൊബൈല്‍ ഫോണില്‍ സഹായത്തിന് ആളെ വിളിക്കുന്നതാണ് നല്ലത്. കടിയേറ്റയാളെ എത്രയും വേഗം ആന്റി സ്‌നേക്ക് വെനം (എ.എസ്.വി) ലഭ്യമായ അടുത്തുള്ളആശുപത്രിയില്‍ എത്തിക്കണം. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സ തേടരുത്.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ഗവ. മാതൃ-ശിശു സംരക്ഷണ കേന്ദ്രം, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി (ബീച്ചാശുപത്രി), കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം, ചേവായൂര്‍ ഗവ. ത്വക്ക് രോഗാശുപത്രി, വടകര ജില്ലാ ആശുപത്രി, താമരശ്ശേരി, ഫറോക്ക്, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, നാദാപുരം, കുറ്റ്യാടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്.

Post a Comment

Whatsapp Button works on Mobile Device only