അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗണ്‍സിൽ സെക്രട്ടറി അലി ലാരിജാനി. ഒമാന്‍റെ മധ്യസ്ഥതയിൽ ചർച്ചയ്ക്ക് ഇറാൻ ശ്രമം തുടങ്ങിയെന്ന് ഇന്നലെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചയ്ക്ക് അവർ തയ്യാറാണെന്ന് പറഞ്ഞതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ചർച്ചയ്ക്ക് ശ്രമം എന്ന അൽ ജസീറ വാർത്ത പങ്ക് വെച്ചാണ് ലാരിജാനിയുടെ പ്രതികരണം.
യുദ്ധം തങ്ങള്‍ തുടങ്ങിയതല്ലെന്നും ഇപ്പോള്‍ ട്രംപ് ഭയക്കുകയാണെന്നും അലി ലാരിജാനി പറഞ്ഞു. സ്വന്തം ഭാവനകള്‍ക്ക് പുറകെ പോയി പശ്ചിമേഷ്യയെ തന്നെ ട്രംപ് കുഴപ്പത്തിലേക്ക് വിട്ടു. കൂടുതൽ അമേരിക്കൻ സൈനികര്‍ കൊല്ലപ്പെടുമെന്ന് ഇപ്പോള്‍ ട്രംപ് ഭയപ്പെടുകയാണ്. അതിനാലാണ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നുവെന്ന് പറയുന്നത്. ഇസ്രയേലിന്‍റെ അധികാര ദാഹത്തിന് വേണ്ടി അമേരിക്കൻ സൈനികരെ കുരുതികൊടുക്കുകയാണ്.
ട്രംപിന്‍റെ നയം ഇസ്രായേൽ ഫസ്റ്റ് എന്നാണെന്നും അമേരിക്ക അല്ലെന്നും ലാരിജാനി തുറന്നടിച്ചു. അമേരിക്കയുമായി ചര്‍ച്ചയില്ലെന്നും ലാരിജാനി വ്യക്തമാക്കി. ചര്‍ച്ചയ്ക്കില്ലെന്ന് ഇറാൻ പറയുന്നതോടെ സാഹചര്യങ്ങള്‍ കൂടുതൽ സങ്കീര്‍ണമാവുകയാണ്. യുദ്ധം തുടരുമെന്ന സൂചന നൽകികൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

Post a Comment