Thursday, March 5, 2026

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, ഇന്നത്തെ പവന്‍ വില

 


കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷം നല്‍കുന്നുണ്ട്. വ്യാപാരം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വന്‍തോതില്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ വ്യാപാരം വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

ഡോളര്‍ കരുത്ത് കൂട്ടിയതാണ് സ്വര്‍ണവില ഇടിയാന്‍ ഒരു കാരണം. അതേസമയം, ഇന്ന് രൂപയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യക്ക് ആശങ്കയാണ്. എങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ല. കേരളത്തില്‍ കുറഞ്ഞു. അറിയാം ഇന്നത്തെ വില വിവരങ്ങള്‍...

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പവന്‍ വിലയാണ് ഇന്ന്. 22 കാരറ്റ് സ്വര്‍ണം പവന് 720 രൂപ കുറഞ്ഞ് 119920 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 126920 രൂപയായിരുന്നു. ഏകദേശം 7000 രൂപയുടെ കുറവാണ് നാല് ദിവസത്തിനിടെയുണ്ടായിരിക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14990 രൂപയായിട്ടുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപ തുടരുന്നു.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12315 രൂപയും പവന് 98520 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9590 രൂപയും പവന് 76720 രൂപയുമായിട്ടുണ്ട്. 9 കാരറ്റ് ഗ്രാമിന് 6180 രൂപയും പവന് 49440 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5183 ഡോളറാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

യുദ്ധം തുടങ്ങിയാല്‍ സ്വര്‍ണവില ഉയരുമെന്നായിരുന്നു പല സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. പണപ്പെരുപ്പം കൂടുന്നതിനാല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നു കണ്ടാണ് നിക്ഷേപകര്‍ സ്വര്‍ണം വിട്ടുപിടിക്കുന്നതത്രെ. മാത്രമല്ല, ഡോളര്‍ മൂല്യം ഉയര്‍ന്നതും സ്വര്‍ണവില കുറയാന്‍ കാരണമായി.

99 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. 91.57 എന്ന നിരക്കിലേക്ക് രൂപ മെച്ചപ്പെടുകയും ചെയ്തു. ഇന്നലെ 92 കടന്ന് താഴേക്ക് വീണിരുന്നു. ഈ രണ്ട് മാറ്റങ്ങളും സ്വര്‍ണവില കുറയാന്‍ സഹായിക്കുന്നതാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറും. മാത്രമല്ല, രൂപ മൂല്യം കൂടുമ്പോള്‍ ഇറക്കുമതി ചെലവ് കുറയുകയും ചെയ്യും. അതേസമയം, ക്രൂഡ് ഓയില്‍ ബാരലിന് 82 ഡോളര്‍ എന്ന നിരക്കിലെത്തിയിട്ടുണ്ട്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 1.28 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളാണ് വാങ്ങുന്നത് എങ്കില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.19 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത കാണുന്നില്ല. അതുകൊണ്ടുതന്നെ ക്രൂഡ് വില ഉടന്‍ കുറയുമെന്ന് പറയാന്‍ സാധിക്കില്ല.





Post a Comment

Whatsapp Button works on Mobile Device only