തലയാട് മലയോര ഹൈവേ യുടെ തലയാട് റീച്ചിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ തലയാട് താഴെ അങ്ങാടി പ്രദേശത്ത് നടന്ന മൂന്ന് വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. നവീകരിച്ച റോഡിൽ അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വയലട, തോണിക്കടവ്, കക്കയം ഡാം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
മലയോര ഹൈവേ തലയാട് റീച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും തലയാട് ടൗൺ, താഴെഅങ്ങാടി, പടിക്കൽ വയൽ തുടങ്ങിയ തിരക്കേറിയ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകളും ആവശ്യമായ ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
വ്യാഴാഴ്ച്ച ഉച്ചക്ക് കുന്ദമംഗലത്തിൽ നിന്ന് പൈപ്പുമായി വന്ന പിക്കപ്പ് വാഹനത്തിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പിക് അപ്പ് ഡ്രൈവർ കുന്ദമംഗലം പന്തീർപ്പാടം കിഴക്കേ ഓളോങ്ങൽ മുഹമ്മദ് കോയ (58) മരിക്കുകയും കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൂരാച്ചുണ്ട് ഭാഗത്ത് നിന്ന് എസ്റ്റേറ്റ് മുക്കിലേക്ക് പോകുകയായിരുന്ന കാർ തലയാട് താഴെ അങ്ങാടിയിൽ വച്ച് തല കീഴായി മറിയുകയും നാലു പേർക്ക് പരുക്കേൽക്കുകയും യ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംരക്ഷണ വേലികൾ സ്ഥാപിക്കണമെന്ന ആവ lശ്യവും ഇതുവരെ നടപ്പിലായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ സ്പീഡ് ബ്രേക്കറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായി ആവശ്യം.

Post a Comment