Monday, March 2, 2026

ടോസ് ഭാഗ്യം മുതൽ സഞ്ജുവിന്‍റെ മാസ്റ്റർ ക്ലാസ് വരെ, ഈഡനില്‍ ഇന്ത്യ വിൻഡീസിനെ വീഴ്ത്തിയത് ഇങ്ങനെ



ടോസില്‍ തുടങ്ങുന്നു ഭാഗ്യം
മത്സരത്തില്‍ ടോസിലെ ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നത് നിര്‍ണായകമായി. കൂറ്റനടിക്കാരുള്ള വെസ്റ്റ്ഇൻഡീസ് ബാറ്റിംഗ് നിരക്കെതിരെ ഏത് ലക്ഷ്യവും സേഫാണെന്ന് ഉറപ്പിക്കാനാവില്ല. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റിംഗ് അനായസകരമാക്കുമെന്നതും കനത്ത വെല്ലുവിളിയായിരുന്നു. 

ഈ സാഹചര്യത്തില്‍ ടോസ് നേടിയതും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനവും മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവായി

പിടിച്ചുകെട്ടിയ പവര്‍ പ്ലേ
റോസ്റ്റ്ൺ ചേസും ക്യാപ്റ്റൻ ഷായ് ഹോപ്പും ചേര്‍ന്ന് വിന്‍ഡീസിനെ വിക്കറ്റ് നഷ്ടമില്ലാതെ പവര്‍ പ്ലേ കടത്തിയെങ്കിലും ഹോപ്പിനെ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടത്, നിര്‍ണായകമായി. മറുവശത്ത് ചേസ് തകര്‍ത്തടിക്കുമ്പോഴും ഹോപ്പിന് സ്കോറിംഗ് നിരക്ക് ഉയർത്താനായില്ല.

 പവര്‍ പ്ലേയില്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സാണ് വിന്‍ഡീസ് നേടിയത്. റോസ്റ്റണ്‍ ചേസ് 11 പന്തില്‍ 20 റണ്‍സെടുത്തെങ്കിലും 25 പന്ത് നേരിട്ട ഷായ് ഹോപ്പിന് പവര്‍ പ്ലേയില്‍ 25 റണ്‍സ് മാത്രമാണ് നേടാനായത്.

ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചത്
പവര്‍ പ്ലേയില്‍ ബുമ്രയെക്കൊണ്ട് ഒരോവര്‍ മാത്രമെറിയിച്ച ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ട് വലംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളതുകൊണ്ട് അക്ഷര്‍ പട്ടേലിന്‍റെ രണ്ടോവര്‍ പവര്‍ പ്ലേയില്‍ തന്നെ തീര്‍ത്തു. ഷിമ്രോണ്‍ ഹെറ്റ്മെയറിനായി ബുമ്രയെ കരുതിവെച്ചു.

ബുമ്രയുടെ മാസ്റ്റര്‍ സ്ട്രോക്ക്
ഷായ് ഹോപ്പ് പുറത്തായശേഷം ക്രീസിലെത്തിയ മിന്നുംഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തകര്‍ത്തടിച്ച് ഇന്ത്യക്ക് ഭീഷണിയാവുന്നതിനിടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്‍റെ വജ്രായുധം പുറത്തെടുത്തു. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സിലെത്തി കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ പന്ത്രണ്ടാം ഓവറില്‍ സൂര്യകുമാര്‍ ജസ്പ്രീത് ബുമ്രയെ രണ്ടാം ഓവര്‍ എറിയിക്കാനായി വിളിച്ചു. തന്‍റെ രണ്ടാം ഓവറില്‍ മൂന്നാം പന്തില്‍ ഹെറ്റ്മെയറെയും അഞ്ചാം പന്തില്‍ റോസ്റ്റണ്‍ ചേസിനെയും എറിഞ്ഞിട്ട് ബുമ്ര നല്‍കിയ ഇരട്ടപ്രഹരം വിന്‍ഡീസ് കുതിപ്പ് തടഞ്ഞു

വിന്‍ഡീസിനെ 200ല്‍ താഴെ പിടിച്ചുകെട്ടിയത്
അവസാന രണ്ടോവറില്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസിനെ 200ല്‍ താഴെ പിടിച്ചുകെട്ടാനായത് നിര്‍ണായകമായി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് വിന്‍ഡീസിന് നേടാനായത്. സ്കോര്‍ 200ല്‍ താഴെ പിടിച്ചുനിര്‍ത്താനായതോടെ അടിച്ചെടുക്കാമെന്ന ആത്മവിശ്വാസം നേടാനും ഇന്ത്യക്കായി.

സഞ്ജുവിന്‍റെ മാസ്റ്റര്‍ ക്ലാസ്
അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും സൂര്യകുമാര്‍ യാദവിനെയുമെല്ലാം വിന്‍ഡീസ് ഭയന്നപ്പോള്‍ സഞ്ജുവിനെ അവര്‍ വലിയ ഭീഷണിയായി കണക്കിലെടുത്തില്ല. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ഷോര്‍ട്ട് ബോളെറിഞ്ഞ് സഞ്ജുവിന്‍റെ ദൗര്‍ബല്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാനും അവര്‍ മുതിര്‍ന്നില്ല. അഭിഷേകും കിഷനും മടങ്ങിപ്പോഴേക്കും ക്രീസില്‍ സഞ്ജു ആത്മവിശ്വാസം നേടിക്കഴിഞ്ഞിരുന്നു. പേസര്‍ ഷമര്‍ ജോസഫിനെക്കൊണ്ടുവന്നപ്പോഴും ഷോര്‍ട്ട് ബോള്‍ തന്ത്രം സഞ്ജുവിനെതിരെ കാര്യമായി പരീക്ഷിക്കാന്‍ വിന്‍ഡീസ് തയാറായില്ല. ഒടുവില്‍ ആങ്കറായും സ്ട്രൈക്കറായും ഫിനിഷറായും സഞ്ജു തിളങ്ങിയതോടെ ഇന്ത്യ മിന്നും ജയം സ്വന്തമാക്കി.

Post a Comment

Whatsapp Button works on Mobile Device only