ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൌകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മറ്റു രാഷ്ട്രങ്ങളും ഈ നിലപാടിലേക്ക് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കിൽ ഇറാൻ നയതന്ത്രപരമായി കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി വരും
യുഎഇക്കെതിരായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇക്ക് ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു- "യുഎഇ പ്രസിഡന്‍റായ എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു"- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇക്കാണ്.

Post a Comment