റിയാദ്: ഇറാനെതിരായ നീക്കങ്ങളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് ഏകപക്ഷീയമായി പിൻവാങ്ങുകയാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർണായക പ്രഖ്യാപനം നിലനിൽക്കെ, സൗദി അറേബ്യക്ക് നേരെ ഇറാന്‍റെ വ്യാപക ഡ്രോൺ ആക്രമണ ശ്രമം. ട്രംപിന്‍റെ പ്രഖ്യാപനം വന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും, സൗദിയിലെ എണ്ണപ്പാടങ്ങളെയും പ്രധാന നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശക്തമാകുകയായിരുന്നു.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 39 ഡ്രോണുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യോമ പ്രതിരോധ സേനയും എയർഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് വൻ ദുരന്തം ഒഴിവാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ട്രംപിന്‍റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ തന്നെ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരവും രാത്രിയുമായി എത്തിയ അഞ്ച് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടു. ഇതിനുപുറമെ, തിങ്കളാഴ്ച രാവിലെ വടക്കൻ-കിഴക്കൻ മേഖലകൾ ലക്ഷ്യമിട്ടെത്തിയ 12 ഡ്രോണുകളും സൈന്യം തകർത്തിരുന്നു. ഡ്രോണുകൾക്ക് പുറമെ തലസ്ഥാന നഗരമായ റിയാദിനെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ആകാശത്തുവെച്ച് തകർക്കുകയും രണ്ടാമത്തേത് ജനവാസമില്ലാത്ത മേഖലയിൽ പതിക്കുകയും ചെയ്തു.

Post a Comment