Friday, February 27, 2026

വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം ; മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്



ആരോഗ്യമന്ത്രിക്ക് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടന്ന സംഭവത്തില്‍ മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്.

മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞതോടെ അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലും പോലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ട്.

ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ആക്രമണ ദൃശ്യങ്ങള്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം മന്ത്രി വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തുടര്‍ ചികിത്സ തിരുവനന്തപുരത്ത് നടത്തും.

നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച്‌ അന്വേഷണം നടക്കുന്നില്ല. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെ.എസ്.യു. പ്രവര്‍ത്തകര്‍ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇല്ല. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവര്‍ക്ക് ഇന്നലെ കെ.എസ്.യു. പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ആരോഗ്യമന്ത്രി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഇനിയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് കെ.എസ്.യു. വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരേയല്ല പ്രതിഷേധമെന്നും വീഴ്ച വരുത്തുന്ന ആരോഗ്യവകുപ്പിനെതിരേയാണെന്നും കെ.എസ്.യു. പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only