Sunday, February 22, 2026

സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണം., യുവതി ജീവനൊടുക്കി


സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ കാസർകോട്ട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീല (24) ആണ് മരിച്ചത്. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ക്രൂരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ജസീല വീഡിയോ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്നാണ് ജസീലയ്ക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും മറ്റും ജസീലയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടന്നതായി കുടുംബം ആരോപിക്കുന്നു. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ നാണംകെടുത്താൻ ബോധപൂർവമായ ശ്രമം നടന്നതായും പരാതിയിലുണ്ട്.
പൊലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയപ്പോൾ, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ജസീലയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.

ചോദ്യം ചെയ്യലിൽ ജസീലയ്ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. സംഭവത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെയും ജസീല ചിത്രീകരിച്ച വീഡിയോയുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി 'ദിശ' ഹെൽപ്‌ലൈനിൽ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.

Post a Comment

Whatsapp Button works on Mobile Device only