ചെന്നൈ: ഈസ്റ്റ് കോസ്റ്റ് റോഡി (ഇസിആര്‍)ലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് തിരുവാണ്‍മിയൂര്‍ മുതല്‍ ഉത്തണ്ടി വരെ നാലുവരി മേല്‍പ്പാതയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 14.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ഏറ്റവുംവലിയ ആകാശപാതയാണ്. തമിഴ്നാട്ടില്‍ കഴിഞ്ഞവര്‍ഷം നിലവില്‍വന്ന തമിഴ്നാട് സംസ്ഥാന ദേശീയപാതാ അതോറിറ്റി (ടിഎന്‍എസ്എച്ച്എ)യാണ് 2,100 കോടി രൂപ ചെലവില്‍ പാത നിര്‍മിക്കുക. ഇതിനുള്ള കരാറുകാരനെ തിരഞ്ഞെടുക്കുന്നതിന് ആഗോള ടെന്‍ഡറാണ് വിളിച്ചിട്ടുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി അടിസ്ഥാനത്തിലാവും നിര്‍മാണം. ടിഎന്‍എസ്എച്ച്എയുടെ ആദ്യ സംരഭമാണ് ഇത്.
തിരുവാണ്‍മിയൂര്‍ ടൈഡല്‍ പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ഉത്തണ്ടിവരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് മേല്‍പ്പാതയുടെ ഉദ്ദേശ്യം.ഇടുങ്ങിയ ഈ പാതയില്‍ ഇപ്പോള്‍ 17 ട്രാഫിക് സിഗ്‌നലുകള്‍ താണ്ടി 15 കിലോമീറ്റര്‍ പിന്നിടാന്‍ 45 മിനിറ്റുമുതല്‍ ഒരു മണിക്കൂറുവരെ സമയമെടുക്കും. മേല്‍പ്പാത വരുന്നതോടെ ഈ ദൂരം 15-20 മിനിറ്റില്‍ പിന്നിടാം. ചെന്നൈയില്‍നിന്ന് മഹാബലിപുരത്തേക്കും പുതുച്ചേരിയിലേക്കും കടലൂരിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
17.25 മീറ്റര്‍ വീതിയുള്ള റോഡിന് ഭാരംകയറ്റിയ വണ്ടികള്‍ക്കും താഴേക്കൂടി തടസ്സമില്ലാതെ കടന്നുപോകുന്നതിനായി 5.5 മീറ്റര്‍ ഉയരമുണ്ടാവും. ഇസിആറിന്റെ ഈ ഭാഗത്തുകൂടെ ദിവസം 69,000 വാഹനങ്ങള്‍ കടന്നുപോവുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. റോഡിന് വീതികൂട്ടിയിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കാതെതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ആകാശപാത ഒരുക്കുന്നത്.
എല്‍ബി റോഡ്, കോട്ടിവാക്കം, നീലങ്കര, ഇഞ്ചമ്പാക്കം, അക്കരൈ ജങ്ഷനുകള്‍ വഴിയാണ് പാത കടന്നുപോവുക. എല്‍ബി റോഡ് ജങ്ഷന്‍, തിരുവാണ്‍മിയൂര്‍ ആര്‍ടിഒ ഓഫീസ്, നീലങ്കരൈ, ഇഞ്ചമ്പാക്കം, അക്കരൈ എന്നിവിടങ്ങളില്‍ പാലത്തിലേക്ക് കയറാനും ഇറങ്ങാനും റാമ്പുകള്‍ നിര്‍മിക്കും. ഇസിആര്‍ ആറുവരിപ്പാതയാക്കാന്‍ ഏറ്റെടുത്ത സ്ഥലമാണ് പാതയുടെ നിര്‍മാണത്തിന് ഉപയോഗിക്കുക. ഇടയ്ക്ക് റാമ്പുകള്‍ നിര്‍മിക്കാന്‍ മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടിവരൂ. മേല്‍പ്പാതയുടെ നിര്‍മാണത്തിനുവേണ്ട പണം ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment